Wednesday, May 6, 2009

പരല്‍മീനിന്റെ വഴികള്‍- ഒടുക്കം

കഥകളുടെ കണ്ണാടിയില്‍ കണ്ട ആത്മാവില്ലാത്ത അസ്ഥിപഞ്ജരങ്ങള്‍



മണലില്‍ പണിയുന്ന സ്വപ്ന നഗരങ്ങള്‍ ചരിത്രത്തിന്റെ ഒരു ദശാസന്ധിയില്‍ ചരിത്രഗവേഷകര്‍ക്ക് മണല്‍ മാന്തി പുറത്തിറക്കാനുള്ളതാണെന്ന് ഷൈക്ക് മുഹമ്മദിനോട് ആരാണ് പറയുക? അംബരചുംബികളായ കണ്ണാടിക്കൂടുകളും വെയിലേറ്റ് തിളങ്ങുന്ന സ്റ്റീല്‍ സൗധങ്ങളുമെല്ലാം ദിനോസറുകളുടെ അസ്ഥികള്‍ പോലെ വികൃതമായ രൂപഭാവങ്ങളോടെ ഭാവിയില്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ ഉയര്‍ന്നു വരുമെന്ന് തീര്‍ച്ച. അസ്ഥികളില്‍ നിന്ന് ചരിത്രം കണ്ടെത്തുന്ന ഗവേഷകരോട് ആ കണ്ണാടിക്കഷ്ണങ്ങള്‍ ഗതകാല പ്രൗഡിയുടെ കഥകള്‍ പറഞ്ഞേക്കാം. എന്നാല്‍ അതിനുമപ്പുറം, അവര്‍ ആ കണ്ണാടികളില്‍ കാണുന്നത് പൊരിവെയിലില്‍ ജീവിതം ഉരുകിത്തീര്‍ന്ന ആത്മാവില്ലാത്ത അസ്ഥിപഞ്ജരങ്ങളെയായിരിക്കും. ആര്‍ക്കെന്നറിയാതെ ഒരു നഗരത്തെ ഒരുക്കിക്കൊടുത്ത ആയിരക്കണക്കിന് തൊഴിലാളികളുടെ പീഢാനുഭവങ്ങളുടെ കഥകള്‍. അവരുടെ മുഖങ്ങള്‍ ഒരു പ്രേതകഥയിലെന്ന പോലെ ആ കണ്ണാടിക്കഷ്ണങ്ങളില്‍ തെളിഞ്ഞു വന്ന് ചരിത്ര ഗവേഷകരെ നോക്കി ചിരിച്ചേക്കാം.

കഴിഞ്ഞ പ്രാവശ്യം പറഞ്ഞ സത്‌വ ഒരു രൂപകം മാത്രമായിരുന്നു. തന്റെ തന്നെ മറുഭാഗം അര്‍ബുദം ബാധിച്ചാലെന്ന പോലെ മാറി വരുന്നത് കണ്ട് നിസ്സഹായമായി പകച്ചു പോയ പഴയൊരു നാട്. ഒരു ദൃഷ്ടാന്തം. ഒട്ടകം ഒരു ദൃഷ്ടാന്തമാണെന്ന് പുണ്യപുസ്തകം പറയുന്നതു പോലെ.

ലാഭേച്ഛയില്‍ ഉയര്‍ന്നു വന്ന ഒരു നഗരത്തിന്റെ പതനം അതിന്റെ അസ്ഥിവാരങ്ങളെ കൂടുതല്‍ അനാവൃതമാക്കിയേക്കാം. അതില്‍ സ്വന്തം നാട്ടില്‍ നിന്ന് ഇറക്കി വിട്ട അറബികളുടെ കഥകളുണ്ടായേക്കാം. ഫുര്‍ഖാനെ പോലുള്ളവര്‍. ഈജിപ്തിലെ പിരമിഡ് നിര്‍മാണത്തിന് ജീവനോടെ അടക്കം ചെയ്യപ്പെട്ട അടിമകളെ ഓര്‍മ്മിപ്പിക്കുന്ന തമിഴരും ശ്രീലങ്കരും പാകിസ്ഥാനികളും ബംഗ്ലാദേശികളുമെല്ലാം പുറത്താരും കേള്‍ക്കാതെ അടക്കി വെച്ച നിലവിളികളുമുണ്ടായേക്കാം. അവയ്ക്കെല്ലാം ഇടയില്‍ നിന്ന്, ഈ സ്മാരകം നിര്‍മ്മിച്ചത് ഷൈക്ക് മുഹമ്മദ് ആണെന്ന 'ബിഗ് ബസ്' ടൂറിലെ ഗൈഡിന്റെ ചതഞ്ഞ വാക്കുകള്‍ നമുക്ക് കണ്ടെടുക്കേണ്ടി വന്നേക്കാം.

ട്രോയ് നഗരവും ബാബിലോണും ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായതു പോലെ ഈ നഗരവും നിലക്കാത്ത ഒരു പൊടിക്കാറ്റില്‍ മുങ്ങി മണലില്‍ പൂണ്ട് പോവുന്നത് ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെന്ന പോലെ കണ്ടു തുടങ്ങുന്നവരുണ്ട്. സോനാപ്പൂരിലെ തൊഴിലാളി ക്യാമ്പില്‍ നാലുമണിക്കൂര്‍ മാത്രം ഉറങ്ങുന്ന ചെറിയ മനുഷ്യര്‍ കാണുന്ന ചെറിയ സ്വപ്നങ്ങളില്‍ ഇത്തരം വലിയ കാറ്റുകള്‍ വീശാറുണ്ട്. അവര്‍ പണിയെടുക്കുന്ന ദൈരയിലെ മെട്രോ റെയില്‍വേ സ്റ്റേഷന്റെ അസ്ഥിവാരത്തിന്റെ അമ്പതു മീറ്റര്‍ താഴ്ചകളില്‍ അവര്‍ ഈ കൊടുങ്കാറ്റിന്റെ വിത്തുകള്‍ വിതക്കുന്നുണ്ടാവാം.

ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ കവിതയിലെന്ന പോലെ, മണല്‍ത്തിട്ടകള്‍ക്കടിയിലെ പാമ്പുകളായി കൊടുങ്കാറ്റിന്റെ ആ വിത്തുകള്‍ അവിടെ ഉറങ്ങിക്കിടക്കും. മണല്‍ത്തിട്ടകള്‍ ഭേദിച്ച്, ഒരു നാള്‍, കരുത്തോടെ അവ പുറത്തു വരും. നിശബ്ദനാക്കപ്പെട്ടവന്റെ നിലവിളി ഇടിമുഴക്കങ്ങള്‍ക്ക് ജാതകമെഴുതുന്നത് എങ്ങനെയാണെന്ന് അത്യാര്‍ത്തിയില്‍ ഒരു ദേശത്തെ മുഴുവന്‍ കച്ചവടമാക്കിയ അതിന്റെ ചൂതാട്ടക്കാരന്‍ അറബിക്ക് ('The biggest gambler in the world'- National Geographic Channel) അത് വെളിപ്പെടുത്തി കൊടുക്കുക തന്നെ ചെയ്യും. അന്ന് ഒരു നഗരത്തിന്റെ തിരോധാനത്തെക്കുറിച്ച് പാടാന്‍ ഒരു പഥികനും അവിടെയുണ്ടായിരിക്കില്ല.

2 comments:

തറവാടി said...

ഭാഷയുടെ രസം ഒഴിവാക്കിയാല്‍ ഒന്നിനോടും യോജിക്കാനാവില്ല.
ഇത്തരം കെട്ടിട സമുച്ചയങ്ങളുടെ നിര്‍മ്മാണം തന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ പല കൂരകളിലും കഞ്ഞിയായെത്തുന്നത്.

ബ്ലോഗില്‍ ഇതെഴുതാനും എനിക്കിത് വായിക്കാനും ഈ കമന്റെഴുതാനും കഴിയുന്നതും ഷെയിക്കുമാരുടെ കെട്ടിട നിര്‍മ്മാണത്തില്‍ ഭാഗബാക്കാവുന്നതിനാല്‍ തന്നെയാണ്.

Anoop M said...

പ്രവചനസ്വഭാവമുള്ള വരികള്‍. ആശംസകള്‍.