Wednesday, February 14, 2007

യാഹൂ മലയാളം

-

ചില പാചകക്കുറിപ്പുകള്‍ വന്ന വിധം

2007 ജനുവരിയില്‍ ഇന്‍ഡോറില്‍ വെച്ച് ഒരു ഐ.ടി. ട്രെയിനിംഗ് പ്രോഗ്രാം നടന്നിരുന്നു. പോര്‍ട്ടല്‍ ഭീമനായ യാഹൂ മലയാളം ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കായി നടത്തിയ ശില്പശാലയായിരുന്നു അത്.

മലയാളം ഉള്ളടക്കം തയ്യാറാക്കാന്‍ ചുമതലപ്പെട്ട വെബ് ദുനിയയാണു ഇത് സംഘടിപ്പിച്ചത്. പ്രോഗ്രാമില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തവരില്‍ ഭൂരിപക്ഷവും വെബ് ലോകത്തിനു ഉള്ളടക്കം തയ്യാറാക്കുന്നവരായിരുന്നു. ശില്പശാലയുടെ ഭാഗമായി കണ്ടെന്റ് മാനേജ് മെന്റ് സിസ്റ്റം പരിചയപ്പെടുത്തുന്നതിന് 2 മണിക്കൂര്‍ പരിശീലനം നടന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്നവര്‍ മലയാളം ഉള്ളടക്കം താല്‍ക്കാലിക ഫോള്‍ഡറുകളില്‍ ടെസ്റ്റ് അപ്‌ലോഡ് ചെയ്യണമായിരുന്നു.

ചെന്നൈയിലുള്ള ബെന്നി ഫ്രാന്സിസ് വെബ് ദുനിയയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഉള്ളടക്കങ്ങള്‍ക്കായി ബെന്നി പലപ്പോഴും മലയാളം ബ്ലോഗ് എഴുത്തുകാരെ ബന്ധപ്പെടാറുണ്ടായിരുന്നു. ബെന്നി അനുമതിയോടു കൂടി ഉള്ളടക്കം എടുത്തു വരാറുള്ള ബ്ലോഗുകളില്‍ ഒന്നാണു സൂവിന്റേത്.

ശില്‍പ്പശാലയില്‍ പാചകക്കുറിപ്പുകള്‍ ടെസ്റ്റ് അപ്‌ലോഡ് ചെയ്യുന്ന നേരത്ത് സൂവിന്റെ ബ്ലോഗിനെക്കുറിച്ചറിയാവുന്ന ഒരു വ്യക്തി (പേരിവിടെ പറയേണ്ടതില്ല) അതിലെ ഉള്ളടക്കം അതേ പടി കോപ്പി ചെയ്തെടുത്തു! യഥാര്‍ത്ഥത്തില്‍ ശില്പ്പശാലയിലെ ഭൂരിഭാഗം ഉള്ളടക്കവും ഇങ്ങനെ ശേഖരിച്ച 'കൊളാഷ്' തന്നെയായിരുന്നു.

ഫെബ്രുവരി 1 നു യാഹൂ മലയാളം ബീറ്റാ വേര്‍ഷന്‍ ഓണ്‍ലൈനില്‍ വന്നു. എന്നാല്‍ ഇതിലെ ഉള്ളടക്കത്തില്‍ പലതും ഇന്‍ഡോറിലെ ട്രെയിനിങ്ങ് പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ അപ്‌ലോഡ് ചെയ്തതായിരുന്നുവെന്ന് മാത്രം! നിര്‍ഭാഗ്യവശാല്‍ അതിലൊന്നാണു ബെന്നി ഫ്രാന്സിസ് നേരത്തെ ബന്ധപ്പെട്ടിരുന്ന സൂവിന്റെ ബ്ലോഗ്.

ക്യാമ്പിലെ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ബീറ്റാ വേര്‍ഷന്‍ ഓണ്‍ലൈന്‍ ആവുമെന്നു പ്രതീക്ഷിച്ചില്ലെന്ന് ഇന്‍ഡോറില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഇതേക്കുറിച്ച് യാഹൂവിനു നല്‍കുന്ന ഏതൊരു പരാതിയും വെബ് ദുനിയയെയും അതു വഴി ആത്യന്തികമായി ട്രെയിനിങ്ങില്‍ പങ്കെടുത്ത മലയാളി പ്രതിനിധികളെയുമാണു ബാധിക്കുക. അതേ സമയം, യാഹൂവിനെ ഇതു തെല്ലും അലോസരപ്പെടുത്തുകയുമില്ല!


27 comments:

രിയാസ് അഹമദ് said...
യാഹൂ മലയാളം- പാചകക്കുറിപ്പുകള്‍ വന്ന വിധം.
09 February 2007 11:09

ബെന്നി::benny said...
കൈയൊപ്പേ, ഞാനാണ് ബെന്നി... നിങ്ങളുടെ പോസ്റ്റ് വായിച്ചു. ആരാണ് നിങ്ങള്‍?

കമ്പനിയെപ്പറ്റിയും മറ്റും എനിക്കറിയാവുന്നതില്‍ കൂടുതല്‍ നിങ്ങള്‍ക്കറിയാമല്ലോ!!! എങ്ങനെയാണ്, അതിശയമായിരിക്കുന്നു!!
09 February 2007 13:04

അനംഗാരി said...
കയ്യൊപ്പേ. ഈ ശ്രമത്തിന് നന്ദിയുണ്ട്.പക്ഷെ, എന്തെങ്കിലും ആരോപണം ഉന്നയിക്കുന്നതിന് മുന്‍‌പ് അത് തെളിയിക്കാനും, തെളിവു സഹിതം അവതരിപ്പിക്കാനും കഴിഞ്ഞില്ലെങ്കില്‍ കുഴപ്പത്തിലാകും.വിവരങ്ങള്‍ കയ്യൊപ്പ് പറയുന്നത് ശരിയാണെങ്കില്‍ അത് തെളിവ് സഹിതം ഇവിടെ അവതരിപ്പിക്കാമോ?
09 February 2007 18:47

വിഷ്ണു പ്രസാദ് said...
ലോകത്ത് എന്തെല്ലാം നടക്കുന്നു.കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ യാഹുവിനെതിരെ ഈ കുഞ്ഞു ബൂലോകത്തിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കണം.
09 February 2007 19:11

മഹേഷ് മംഗലാട്ട് said...
യാഹു,എം.എസ്.എന്‍ എന്നിങ്ങനെയുള്ള കമ്പനികള്‍ മലയാളം കണ്ടന്റ്‍ പകര്‍പ്പവകാശവ്യവസ്ഥ ലംഘിച്ച് ഉപയോഗിക്കുന്നത് നീതീകരിക്കാനാകില്ല.

അതു പോലെ പ്രധാനമാണ് എഴുത്തുകാര്‍ക്ക് നല്കുന്ന പ്രതിഫലവും. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രസ്ഥാനങ്ങളില്‍ നിന്ന് അര്‍ഹമായ പ്രതിഫലം എഴുത്തുകാര്‍ക്കു വാങ്ങിക്കൊടുക്കാന്‍ ശ്രദ്ധിക്കുക.
09 February 2007 19:40

കരിങ്കാലി said...
ഈശ്വരാ ..എന്നിട്ടാണോ നമ്മളെല്ലാവരും കൂടെ യാ‍ഹുവിനെ കുറ്റം പറഞ്ഞു നടന്നത് ..ഇനി ഒന്നിനും എന്നെ നൊക്കണ്ട ...സു അയാലും ..ഇഞ്ചി അയാലും ..കയ്യൊപ്പിനു നന്ദി ..ഒരാഴ്ചയായി എന്തെങ്കിലും തീരുമാനം ആയൊ എന്നന്നേക്ഷിച്ചു ഞാന്‍ നടക്കുന്നു..
09 February 2007 20:11

കൃഷ്‌ | krish said...
തന്നെയോ... ഇതുതന്നെയാണോ നടന്നത്‌.. നെറ്റിലൂടെ പരിചയമുണ്ടെങ്കില്‍ (വെബ്‌ദുനിയ) ബെന്നി സു-വിനോട്‌ ഇക്കാര്യം എന്തുകൊണ്ട്‌ നേരത്തെ പറഞ്ഞില്ല..

ഇഞ്ചിയാണേല്‍ അവിടെ അരിശം മൂത്തു നില്‍ക്കുകയാ..

(ഇഞ്ചീ ഓടിക്കല്ലേ.. ഞാന്‍ ഓടി)

കൃഷ്‌ | krish
10 February 2007 02:48

വേണു venu said...
അനംഗാരി പറഞ്ഞതു പോലെ തെളിവുകള്‍ ഹാജരാക്കുന്നതു് ആവശ്യമായിരിക്കുന്നു കൈയൊപ്പേ.
10 February 2007 03:03

കുട്ടന്മേനോന്‍ | KM said...
തെളിവിടൂ കയ്യൊപ്പേ.. സാധനം കയ്യിലുണ്ടോ ?
10 February 2007 03:30

തറവാടി said...
കയ്യൊപ്പെ,

എന്തെ ഈ കാര്യങ്ങള്‍ അറിയീക്കാന്‍ ഇത്ര വൈകിയത്‌?

വൈകിയെങ്കിലും സത്യം പുറത്തുവരേണ്ടത് ആവശ്യം തന്നെ.

പലരുടെയും പൊയ്‍മുഖങ്ങള്‍‍ മനസ്സിലായി,

കഷ്ടം! , അല്ലാതെന്ത് പറയാന്‍!

10 February 2007 07:00

രിയാസ് അഹമദ് said...
വേണ്ടതിലേറേ തെളിവ് കൈയിലുണ്ട്, വേണുവേട്ടന്, കുട്ടന്‍ മേനോന്‍ അനംഗാരി മാഷ്...

ബന്ധപ്പെട്ടവര്‍ നേരത്തെ തന്നെ സു-വിനോട് സംസാരിച്ചിട്ടുണ്ട്. അവര്‍ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമായിക്കാണുമെന്ന് കരുതുന്നു. എങ്കിലും പരാതിയുമായി മുന്നോട്ട് പോകാനാണു അവരുടെ ഇപ്പോഴത്തെ താല്പര്യം. അത് അവരുടെ അംഗീകരിക്കപ്പെടേണ്ട സ്വാതന്ത്ര്യം തന്നെയാണു. എങ്കിലും ഇതിലെ ഇരട്ടത്താപ്പ് പുറത്തു വരേണ്ടതുണ്ട്.

പുഴ മാഗസിനില്‍ മലയാളം ബ്ലോഗുകളെക്കുറിച്ച് വന്ന 'സ്റ്റോറി' ക്കെതിരെ പ്രതിലോമകരമായ ശബ്ദമുയര്ത്തിയവരാണു നമ്മള്‍. ഭൂരിപക്ഷത്തിന്റെ ശബ്ദം എന്നാല്‍ ഭൂരിപക്ഷത്തിനു ദോഷം ചെയ്യുന്നതുമാവാം എന്നു തെളിയിച്ച സംഭവം. അത് ആവര്‍ത്തിക്കാതിരിക്കട്ടെ.
10 February 2007 07:13

chithrakaran said...
നല്ല പോസ്റ്റ്‌. കയ്യൊപ്പെ നന്ദി !!
10 February 2007 07:51

Parvathy said...
ഒരു കാലത്ത് എഴുതുന്ന കവിതകള്‍ മറച്ചുവയ്ക്കാന്‍ മറവിടങ്ങള്‍ ഇല്ലാത്ത വീട്ടില്‍ ദുഃഖിച്ചിരുന്നു, ഈ ഭ്രാന്തിന് എന്ത് ശിക്ഷ എന്ന് ഭയന്ന്. പിന്നെ ഉറക്കമില്ലാത്ത രാത്രികളിലെ മനസ്സിന്റെ ഭാരം ഉരുക്കിയൊഴിക്കാന്‍ പേജുകള്‍ കീറി എഴുതി നിറച്ചിരുന്നു, പിന്നെ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഈ ലോകം കണ്ടപ്പോള്‍ ഓരോ വാക്കുകളും കുറിച്ചിട്ട് രാത്രി ഓരോ കമന്റിലും കാണുന്ന സ്നേഹത്തിന്റെ കരങ്ങള്‍ കണ്ട് സന്തോഷിച്ചിട്ടുണ്ട്.

കോപ്പിറൈറ്റിന്റെയും രോയല്‍റ്റിയുടേയും ലോകത്തിലേയ്ക്ക് ആരൊക്കെയോ ചേര്‍ന്ന് വലിച്ചിഴച്ചത് ആ മനസ്സിനേയാണ്, മനസ്സ് വിറ്റ് പണം പണ്ടേ വാങ്ങിയ നമുക്ക് ഇതും ഒരു ദിനചര്യയിലൊന്ന് മാത്രം..

ദേഷ്യമില്ല,അഴിച്ചിട്ട തലമുടിയും ഒറ്റചിലങ്കയും ഒന്നുമില്ല ,പക്ഷെ സങ്കടമുണ്ട്..നമുക്ക് എന്നെങ്കിലും ഒരു പക്ഷെ തിരിച്ച് വന്നേക്കാവുന്ന ഒരു നല്ല ലോകത്തിന്റെ,പരസ്പരവിശ്വാസവും സ്നേഹവും ബഹുമാനവും ഉള്ള ഒരു ലോകത്തിന്റെ ഒരു ചെറിയ പകര്‍പ്പ് മനപ്പൂര്‍വ്വം ഇവിടെ കാത്ത് വച്ചുകൂടെ..

-പാര്‍വതി.
10 February 2007 08:02

കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്: ഈ വര്‍ഷത്തെ ആദ്യ CID അവാര്‍ഡ് കൈയ്യൊപ്പിന്.
10 February 2007 08:22

Inji Pennu said...
കൈയൊപ്പേ,
ഇത് സത്യമാണൊ? കാരണം വിശ്വസിക്കാന്‍ ഇച്ചിരെ പ്രയാസം. വെറുതെ ഒരു കോപ്പി പേസ്റ്റല്ലല്ലൊ നടന്നിരിക്കുന്നതു.

Prima facie എവിഡന്‍സ് നോക്കുമ്പോള്‍
1. ആദ്യം തന്നെ ചിത്രങ്ങള്‍ മാറ്റിയിര്‍ക്കുന്നു.
2. പിന്നെ ചില പാരഗ്രാഫുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിരിക്കുന്നു.
3. പിന്നെ ചില വാക്കുകളുടെ സ്റ്റ്രക്ച്ചര്‍ തന്നെ മാറ്റിയിരിക്കുന്നു.

അതില്‍ നിന്നു തന്നെ ഉറപ്പല്ലേ, ഇത് മന:പൂര്‍വ്വം ചെയ്തതാണെന്ന്. അതും എല്ലാവരുടെ പൂര്‍ണ്ണ അറിവോടെ, ഒത്താശയോടെ? പൂര്‍ണ്ണ അറിവോടെയല്ലെങ്കില്‍, അതൊരു കോപ്പി പേസ്റ്റ് ആവില്ലെ? സാധാരണ ബ്ലോഗുകളില്‍ കാണുന്ന വെറുതെ ഒരു കോപ്പി പേസ്റ്റ്? ട്രെയിനിങ്ങിന് എടുത്തു എന്നു പറയുന്നതെങ്കിലും അതു വെറുമൊരു കോപ്പി പേസ്റ്റല്ലേ ആവുള്ളൂ.
അതല്ലല്ലോ ഇവിടെ സംഭവിച്ചിരിക്കുന്നത്.
പിന്നെ ഇനിയും നിരീക്ഷിക്കുമ്പോള്‍, കമന്റുകള്‍ കുറവായ റെസിപ്പികളും കഥകളും കവിതകളുമാണ് എടുത്തിരിക്കുന്നത്. അത് അധികം ശ്രദ്ധിക്കപ്പെടാതെ കളവ് നടത്താന്‍ വേണ്ടിയായിരി‍ക്കില്ലെ? അതില്‍ നിന്ന് സൂചിപ്പിക്കുന്നത് തന്നെ, ഇതിനേക്കുറിച്ച് റിസേര്‍ച്ച് ചെയ്ത് തന്നെയാണ് മോഷണം നടന്നിരിക്കുന്നത്. അല്ലാതെ കൈയബദ്ധം ആവില്ലല്ലൊ.

ഇനിയിപ്പൊ ഇത് മന:പൂര്‍വ്വം അല്ലെങ്കില്‍ ആദ്യമേ അതു വന്നു പറഞ്ഞ്, ഒരു ക്ഷമ ചോദിച്ചിരുന്നുവെങ്കില്‍ (taking responsibility for one's own actions) ഇത് അന്ന് തീരേണ്ട പ്രശ്നമായിരുന്നേനെ എന്ന് എനിക്ക് തോന്നുന്നു. മുന്‍പ് പുഴയും ചിന്തയും ഒക്കെ ചെയ്ത പോലെ. ഇതിപ്പൊ, അങ്ങിനെയല്ലല്ലൊ സംഭവിച്ചിരിക്കുന്നത്. അതാണ് കൂടുതല്‍ സംശയങ്ങള്‍ ഉളവാക്കുന്നത്.
10 February 2007 09:48

ഡെയ്‌ന്‍::Deign said...
എനിക്കിതൊക്കെയേ ചെയ്യാന്‍ കഴിയൂ:
http://www.kairalieurope.com/personality_view.php?heading=Yahoo!%20Violates%20Copyright!

11 February 2007 04:09
കുറുമാന്‍ said...
നല്ല ഉദ്യമം ഡെയ്ന്‍
11 February 2007 04:20

കരിങ്കാലി said...
ഇഞ്ചി പറഞ്ഞതു എത്ര ശരി ..ആരാണാവൊ ഈ കള്ളപ്പേരുകളുണ്ടാക്കി ആരാണ്ട്രെ മുഖം രക്ഷിക്കാന്‍ നോക്കുന്നത് ?
11 February 2007 09:28

Inji Pennu said...
ഡൈയിന്‍ ചേട്ടാ ഒരുപാട് നന്ദി. അങ്ങിനെ പതിയെ പതിയെ നമ്മുടെ ഉദ്യമം മുന്നോട്ട് തന്നെ പോകട്ടെ. Yahoo അല്ല യാഹൂ India! എന്നാണ് വരേണ്ടത്.ആ വാര്‍ത്ത ഒന്ന് തിരുത്തണേ.
11 February 2007 11:27

ഡെയ്‌ന്‍::Deign said...
ഇഞ്ചീ, ആ ലിങ്ക് മാറിയിരിക്കുന്നു. പുതിയത് ഇതാ:
http://www.kairalieurope.com/newsview.php?code=501
യാഹൂ എന്ന് കാണുമ്പോള്‍ എല്ലാരും ചാടി വീഴട്ടേന്ന്. യാഹൂ മലയാളം എന്ന് താഴെ വ്യക്തമാക്കുന്നുണ്ടല്ലോ!
11 February 2007 11:52

evuraan said...
യാഹൂ എന്ന് കാണുമ്പോള്‍ എല്ലാരും ചാടി വീഴട്ടേന്ന്. യാഹൂ മലയാളം എന്ന് താഴെ വ്യക്തമാക്കുന്നുണ്ടല്ലോ! തീര്‍ത്തും യോജിക്കുന്നു, ഡെയ്ന്‍.

കട്ടവര്‍ക്കില്ലാത്ത ഔചിത്യം പ്രതിഷേധിക്കുന്ന നമുക്കെന്തിനാണു്?
11 February 2007 12:05

Inji Pennu said...
ഹഹഹ..എനിക്കു വയ്യ! നിങ്ങടെ ഒരു കാര്യം! നിഷ്ഷ്ഷ്പ്പ്പ്പാക്സ്ക്ക്ഷ്റ്ത റിപ്പോര്‍ട്ടിങ്ങ്.. അങ്ങിനെ എന്തോ ഒരു മലയാളം വാക്കില്ലെ?അതൊന്ന് മെന്‍ഷന്‍ ചെയ്തതാ...:-)

- എന്ന് ഇഞ്ചിപ്പെണ്ണ്

L.L.M specialising in International Law (Harvard Law School )
P.H.D in Electrical Engineering (spl in Computer Science, Illinois Urbana)
Master Degree in Social Work - M.S.W

Member of SAJA, Supporting Member of RAWA(Afghanistan), Member in Society for Rehabilitation of Iraqi Kurd in U.S

അല്ല, ചുമ്മാ ഇരിക്കട്ടെ ഇതൊക്കെ. ക്രെഡെന്‍ഷ്യത്സൊന്നും സ്ലീവില്‍ ധരിച്ചോണ്ട് നടക്കേണ്ട കാര്യമില്ലല്ലൊ..പിന്നെ ചില സംശയങ്ങളും ലേഖനങ്ങളും വന്നതുകൊണ്ട് ;) എല്ലാം കൂടി ഇരിക്കട്ടെ. ഇനിയും ഇറക്കാം വെണമെങ്കില്‍...ഒന്ന് പറഞ്ഞാല്‍ മതി! :-)
11 February 2007 12:19

Anonymous said...
ഇന്ചിയിപ്പോള്‍ പറഞ്ഞില്ലേ, LLM നേയും ഇന്റര്‍നാഷണല്‍ ലോവിനെയും കുറിച്ച്...

അച്ചടിച്ചു കൂട്ടിയ പാചകക്കുറിപ്പുകളില്‍ നിന്നു നാം പഠിച്ചെടുക്കുന്ന ബൂലോകമല്ല, ഈ ബൂലോകം. കോപ്പിറൈറ്റില്ലാത്തവരുടെ ബൂലോകം. ഒരു നേരത്തെ പോസ്റ്റിനു വേണ്ടി കൈ നീട്ടുന്നവരുടെയും പകലന്തിയോളം വരമൊഴിയില്‍ ടൈപ്പു ചെയ്ത് ചോരതുപ്പുന്നവരുടെയും വളര്ത്തു കുട്ടിക്കു കൊടുക്കുന്ന ആഹാരത്തില്‍ കൊഴുപ്പിന്റെ അംശം കൂടിയതിനു സ്വന്തം ഭര്‍ത്താവിനെ പട്ടിണിക്കിടുന്ന ബ്ളോഗിണിമാരുടെയും ബൂലോകം...

ആ ബൂലോകത്തെക്കുറിച്ചറിയാന്‍ ഹാവാര്‍ഡും ഇല്ലിനോയ്‌സും വര്‍ഷാവര്‍ഷം അടവെച്ചു വിരിയിക്കുന്നവരുടെ LLM ഉം PHD ഉം MSW ഉം ഉണ്ടായാല്‍ പോരാ. അതറിയാനുള്ള സെന്‍സുണ്ടാവണം, സെന്‍സിറ്റിവിറ്റിയുണ്ടാവണം, സെന്‍സിബിലിറ്റിയുണ്ടാവണം!
14 February 2007 10:04

Inji Pennu said...
അനോണിമസേ, ഹഹഹ! എനിക്ക് ചിരിച്ച് ചിരിച്ച് ചുമ വന്നു. എന്റെ നമോവാകം! ഹഹ! അതെടുത്ത് ഞാന്‍ സേവ് ചെയ്തു വെച്ചിട്ടുണ്ട് ഇടക്കിടക്ക് വായിച്ച് ചിരിക്കാന്‍..:) :) , ശ്ശൊ! ആ പേരൊന്നിട്ടിരുന്നെങ്കില്‍ ഫാനായേനെ ഞാന്‍.
14 February 2007 17:35

അനോണിമച്ചാന്‍ said...
യാഹുവിന് സാമ്പത്തികശേഷിയില്ലാത്തത് കൊണ്ട് സര്‍ക്കാര്‍ വക വക്കീലാണ്. അയാളെ വിശ്വാസമില്ലാത്തോണ്ട് യാഹു സ്വയം ഇറങ്ങിത്തിരിച്ചിട്ടുണ്ട് വാദിക്കാന്‍. ആരും പ്രതിലോമകരമായ കമന്റുകള്‍ ഈ പ്രശ്നത്തെ പറ്റി പറയല്ലെ. യാഹു കേട്ട് പ്രതിരോധിയ്ക്കും. നമ്മള്‍ മിണ്ടാതിരുന്നാല്‍ മതി യാഹുവിന് നിയമമോ നിയമമറിയുന്നവരോ നമ്മളെ പോലെ ചിന്തിക്കുന്നവരോ ഇല്ലാത്തത് കാരണം കേസ് തോറ്റോളും.
14 February 2007 21:51

Wednesday, January 3, 2007

പരല്‍ മീനിന്റെ വഴികള്‍ (Part 3)

സത്‌വ ഒരു ഗ്രാമമാണു. ഒരേ സമയം നഗരവും. ജീവിതം കൊണ്ട്‌ നഗരവും ശരീരം കൊണ്ട്‌ ഗ്രാമവും എന്നു പറയുന്നതാണു ശരി. ചലനമറ്റ സത്‌വ നിശ്ശബ്ദമായ ഗ്രാമമാണു. തമിഴരും പാകിസ്ഥാനികളും സിംഹളരും ഫിലിപ്പിനോകളുമെല്ലാം തിരക്കു പിടിച്ചോടുന്ന പകലുകളില്‍ സത്‌വ പെട്ടെന്ന് നഗരവത്കൃതമാകുന്നു. നിരത്തില്‍ വാഹനങ്ങളിരമ്പുന്നു. തിരക്കേറുന്നു. സത്‌വയിലെ എലികള്‍ അപ്പോള്‍ ഓടകളില്‍ നിന്നു പുറത്ത്‌ വന്ന് സംഘബോധത്തോടെ കഫറ്റീരിയകളിലെ ബര്‍ഗറിന്റെയും ഷവര്‍മയുടെയും അവശിഷ്ടങ്ങള്‍ പരതുന്നു.

സത്‌വക്ക്‌ വയസ്സായെന്ന് പറഞ്ഞത്‌ എന്റെ ഫിലിപ്പിനോ സുഹൃത്താണു. ഒരു സര്‍ക്കസ്സുകാരനെപ്പോലെ നഗരത്തിരക്കിലൂടെ അവന്‍ സൈക്കിളില്‍ സഞ്ചരിക്കാറുണ്ട്‌. ഈ പഴയ ദേശത്തിലൂടെ തുളച്ചു കയറിയ ഷൈഖ്‌ സായിദ്‌ രോഡിലെ മാനം മുട്ടുന്ന കെട്ടിടങ്ങളെ നോക്കി ചില നേരങ്ങളില്‍ നിര്‍വ്വികാരനായി അവന്‍ നില്‍ക്കും...

അവന്റെ പേരു ജോകോ.

ജോകോ പണ്ട്‌ ഈ നാടിനെ പ്രണയിച്ചിരുന്നു. സത്‌വയിലെ എലികളെയും. അവന്റെ സ്വപ്നങ്ങളെ കടലെടുക്കുന്നത്‌ വരെ. എന്നാല്‍ ഇപ്പോള്‍ സത്‌വയുടെ വാര്‍ദ്ധക്യ ജ്വരങ്ങളില്‍ മനം മടുക്കുമ്പോള്‍ അവന്‍ പറയാറുണ്ട്‌,

"ഞാന്‍ മെക്സിക്കോയിലേക്ക്‌ പോകും!"

സത്‌വയിലെ ഫിലിപ്പിനോകള്‍ സന്തുഷ്ടരാണു. കൂട്ടം ചേര്‍ന്ന് തിന്നും കുടിച്ചും രമിച്ചും ജീവിക്കുന്നവര്‍. അസംതൃപ്ത മുഖഭാവത്തോടെ എപ്പോഴും കാണപ്പെടുന്ന തമിഴരും മലയാളികളും കോപാകുലരായ ബലൂചികളും ഈ ഫിലിപ്പിനോകളുടെ ജീവിതത്തില്‍ അസൂയാലുക്കളായേക്കാമെന്ന് ഞാന്‍ കരുതി.

ജോകോയെ ഞാന്‍ കണ്ടു മുട്ടിയത്‌ ആഴ്ച്ചകള്‍ക്കു മുന്‍പാണു. സത്‌വയും എലികളും ബര്‍ഗറുമെല്ലാം എന്റെ ജീവിതത്തിലേക്കു വന്ന് മാസങ്ങള്‍ കഴിഞ്ഞ ശേഷം. ഒരു ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വെച്ച്‌. പൊരുതിക്കളിച്ച്‌ അവനെന്നെ അന്ന് അത്ഭുതപ്പെടുത്തി. അങ്ങനെ അവനെന്റെ കൂട്ടുകാരനായി.

സത്‌വയിലെ രാത്രി ജീവിതം ഒരു മായാജാല പ്രകടനമാണു. കവര്‍ച്ചക്കാരും തൊഴിലാളികളും ചാരായം വാറ്റുകാരനും അഭിസാരികകളും മനോരോഗികളും തൊഴിലാളികളുമെല്ലാം തങ്ങളുടെ അപാരമായ മാന്ത്രിക സിദ്ധി കൊണ്ട്‌ രാത്രിയെ പ്രത്യാശാഭരിതമാക്കുന്നു. ലഹരിയും രതിയും കൊണ്ട്‌ സ്വയം സൃഷ്ടിച്ച പ്രകാശഗോപുരങ്ങളില്‍ അവര്‍ അഭിരമിക്കുന്നു. ഒരു പകല്‍ നീണ്ട ദുരിതങ്ങള്‍ രാത്രിനേരം കൊണ്ട്‌ മായ്ച്ചു കളയുന്നു. സമീപത്തെ ഷൈഖ്‌ സായിദ്‌ റോഡിലെ അംബരചുംബികളായ ചില്ലു ഹര്‍മ്യങ്ങള്‍ അന്നേരം നിറം മങ്ങിയതായി കാണപ്പെടും...

നമുക്ക്‌ ജോകോയിലേക്ക്‌ മടങ്ങി വരാം.

എനിക്കും അവനും തമ്മില്‍ സംസാരിക്കാന്‍ അധികമൊന്നും ഉണ്ടായിരുന്നില്ല. ഒരു ഫിലിപ്പിനോ എങ്ങനെ മെക്സിക്കോയെ സ്നേഹിക്കുന്നു എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. അവന്റെ നാടിനെക്കുറിച്ചും അവനെക്കുറിച്ചും അറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എങ്കിലും ഏറെയൊന്നും അവന്‍ പറഞ്ഞില്ല. എനിക്ക്‌ താല്‍പര്യമുള്ള ഒന്നും അവന്‍ പറയാതിരുന്ന വേളകളില്‍ കഠിനമായി എനിക്ക്‌ ദേഷ്യം വന്നിരുന്നു.

'നിനക്കെന്താണു പ്രശ്നം?' മാനം നോക്കി രോഡുവക്കില്‍ അവനിരിക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ ചോദിച്ചു. വൈകുന്നേരം. മഴക്കാറുകള്‍ പെയ്യാതെ നില്‍ക്കുന്നുണ്ടായിരുന്നു. തണുപ്പു കാരണം കീശയില്‍ ഞാന്‍ കൈകള്‍ തിരുകി. അവന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ നിന്നു.

'നിങ്ങള്‍ക്കൊന്നുമറിയില്ല ഞങ്ങളെക്കുറിച്ച്‌! നിങ്ങള്‍ സ്വാര്‍ത്ഥരാണു,' അവന്‍ ശബ്ദമുയര്‍ത്തി. "ഒരു ഫിലിപ്പിനോയുടെ ജീവിതം എന്താണെന്നു നിനക്കറിയുമോ?" നിലത്തെ പുല്ലില്‍ നിന്ന് ചാടിയെണീറ്റ്‌ ദീര്‍ഘമായി ശ്വസിച്ച്‌ അവന്‍ കിതപ്പകറ്റി.

പിന്നെ ഞാനും അവനും നിശബ്ദരായി അവിടെ നിന്ന് നടന്നു. നിരത്തില്‍ ഗതാഗതക്കുരുക്കില്‍ പെട്ട്‌ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നു.

"നീയൊന്നും പറഞ്ഞിട്ടില്ലല്ലോ...", നടക്കുന്നതിനിടയില്‍ പതുക്കെ ഞാന്‍ പറഞ്ഞു. അവന്‍ തല താഴ്ത്തി.

സത്‌വയിലെ വില്ലകള്‍ പഴക്കം ചെന്നവയാണു. ഷൈഖ്‌ സായിദ്‌ രോഡിലെ ലക്ഷ്വറി അപ്പാര്‍ട്മെന്റുകള്‍ക്ക്‌ മുന്‍പിലെ കലാപമായി അവ പരന്നു കിടക്കുന്നു. അതിലൊന്നിലാണു ദിവസവും ഞാന്‍ ഉറങ്ങുന്നത്‌. സമീപത്ത്‌ കൊളംബോയിലെ രഗുണയുണ്ട്‌, മോസ്കോയിലെ പ്ലാസ്ചിനയും ഇഗോറുമുണ്ട്‌. പിന്നെ, പേരോര്‍മ്മിക്കാന്‍ പ്രയാസമുള്ള കുറേ ഫിലിപ്പിനോകളും അവരുടെ വളര്‍ത്തു പൂച്ചകളുമുണ്ട്‌.

ജോകോ എന്റെ അയല്‍ക്കാരന്‍ കൂടിയാണെന്നു പറയാന്‍ ഞാന്‍ മറന്നു.

ആഘോഷങ്ങളെ ഫിലിപ്പിനോകള്‍ ഏറ്റെടുക്കുന്നത്‌ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പുതുവത്സരത്തലേന്ന് രാത്രി ഇവരോടൊപ്പം ഞാനും ചേര്‍ന്നു. ജോകോ എന്റെ ആതിഥേയനായിരുന്നു. സന്തുഷ്ടനായ വീട്ടുകാരന്‍. അവന്റെ കൂട്ടുകാര്‍ക്കൊപ്പം ഞാന്‍ ആഹ്ലാദങ്ങളില്‍ അലിഞ്ഞ്‌ വീണു.

അന്ന് രാത്രി ജോകോ എന്നെ ഫിലിപ്പൈന്‍സിലേക്ക്‌ കൊണ്ടു പോയി...

Posted by രിയാസ് അഹമദ് at 10:24:00 AM


5 comments:
രിയാസ് അഹമദ് said...

"സത്‌വയിലെ ഫിലിപ്പിനോകള്‍ സന്തുഷ്ടരാണു. കൂട്ടം ചേര്‍ന്ന് തിന്നും കുടിചും രമിച്ചും ജീവിക്കുന്നവര്‍. അസംതൃപ്ത മുഖഭാവത്തോടെ എപ്പോഴും കാണപ്പെടുന്ന തമിഴരും മലയാളികളും കോപാകുലരായ ബലൂചികളും ഈ ഫിലിപ്പിനോകളുടെ ജീവിതത്തില്‍ അസൂയാലുക്കളായേക്കാമെന്ന് ഞാന്‍ കരുതി."

പരല്‍ മീനിന്റെ വഴികള്‍ (Part 3)

03 January 2007 10:41
ദേവരാഗം said...

എന്തായിരുന്നു ഫിലിപ്പൈന്‍സില്‍ കണ്ടത്? ഇവരുടെ മുഖത്തെ നിറഞ്ഞ ഭാവം പ്രശ്നങളൊന്നുമില്ലായ്മയാണെന്ന് ഞാനും ഏറെക്കാലം ധരിച്ചിട്ടുണ്ട്. അഞ്ചാറു വര്‍ഷമായി വല്ലപ്പോഴും കാണുന്ന ഒരു ഫിലിപ്പിന ബാര്‍ ഗേള്‍ (ആട്ടക്കാരിയല്ല, ബാറില്‍ വിളമ്പാന്‍ നില്‍ക്കുന്നവള്‍)ഉണ്ട്. കഴിഞ്ഞ തവണ അവളെ കണ്ടപ്പോഴും എന്നത്തെയും പോലെ അവള്‍ ചിരിച്ചു സുഖമാണോ എന്ന് അന്വേഷിച്ചു, അവള്‍ക്കും അങ്ങനെ തന്നെ എന്നും പറഞ്ഞു.

“മനിലയില്‍ ഒരു സൂപ്പര്‍ ടൈഫൂണ്‍ വീശുന്നെന്ന് കേട്ടല്ലോ, ആര്‍ക്കും അപകടമൊന്നുമില്ലല്ലോ?” ഒരു കുശലം പോലെ തന്നെ തിരക്കിയതാണു ഞാന്‍.

“ചേച്ചിയുടെ ഭര്‍ത്താവ് അതില്‍ മരിച്ചു, വീടും പോയി. അദ്ദേഹം ഫയര്‍മാന്‍ ആയിരുന്നു.”
“എന്നിട്ട് നീ പോയില്ലേ?”
“ഇല്ല, ചേച്ചിക്ക് ജോലിയൊന്നുമില്ല, എന്റെ കയ്യിലെ കുറച്ചു പണമുണ്ടായിരുന്നത് അവര്‍ക്കയച്ചുകൊടുത്തു.”
അപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചത്, അവള്‍ ഞാന്‍ കണ്ട ആറുവര്‍ഷത്തിലും ഉടുപ്പിനു മുകളില്‍ കോട്ടിനടിയില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണത്തിന്റെ കുരിശുമാല അന്നിട്ടിട്ടില്ലെന്ന്.

പ്രാകുന്നുമില്ല കരയുന്നുമില്ല. കുശലം ചോദിച്ച എന്നോടവള്‍ സുഖമെന്നും പറയുന്നു.

03 January 2007 11:21
രിയാസ് അഹമദ് said...

പറയാം ദേവരാഗം,
എന്റെ കപ്പല്‍ച്ചേതങ്ങള്‍ക്കിടയില്‍
കുറച്ച്‌ നേരം കിട്ടിയാല്‍.

03 January 2007 19:43
ആമി said...

ഈ മൂന്നാം ലക്കം സത് വയിലെ നിശ്ശബ്ദമായ തെരുവുകളിലേയ്ക്കെന്നെ കൂട്ടിക്കൊണ്ടു പോയി.
ജോകോ കാട്ടിത്തന്ന ഫിലിപ്പൈന്‍സ് കാണാന്‍് കാത്തിരിയ്ക്കുന്നു.

മനോഹരമായ ശൈലി. അഭിനന്ദനങ്ങള്‍് !
-ആമി.

04 January 2007 08:20
സഞ്ചാരി said...

വളരെ ആകര്‍ഷണമായ വരികള്‍.മടുപ്പില്ലാതെ വായിക്കാനും ആകംക്ഷയോടെ അടുത്ത് പോസ്റ്റിനുള്ള കാത്തിരിപ്പിനും ഒരു പ്രേരണ നല്‍കുന്നു.
വളരെയധികം എഴുതി തഴക്കമുള്ളതുപോലെ.

04 February 2007 01:42