Wednesday, January 3, 2007

പരല്‍ മീനിന്റെ വഴികള്‍ (Part 3)

സത്‌വ ഒരു ഗ്രാമമാണു. ഒരേ സമയം നഗരവും. ജീവിതം കൊണ്ട്‌ നഗരവും ശരീരം കൊണ്ട്‌ ഗ്രാമവും എന്നു പറയുന്നതാണു ശരി. ചലനമറ്റ സത്‌വ നിശ്ശബ്ദമായ ഗ്രാമമാണു. തമിഴരും പാകിസ്ഥാനികളും സിംഹളരും ഫിലിപ്പിനോകളുമെല്ലാം തിരക്കു പിടിച്ചോടുന്ന പകലുകളില്‍ സത്‌വ പെട്ടെന്ന് നഗരവത്കൃതമാകുന്നു. നിരത്തില്‍ വാഹനങ്ങളിരമ്പുന്നു. തിരക്കേറുന്നു. സത്‌വയിലെ എലികള്‍ അപ്പോള്‍ ഓടകളില്‍ നിന്നു പുറത്ത്‌ വന്ന് സംഘബോധത്തോടെ കഫറ്റീരിയകളിലെ ബര്‍ഗറിന്റെയും ഷവര്‍മയുടെയും അവശിഷ്ടങ്ങള്‍ പരതുന്നു.

സത്‌വക്ക്‌ വയസ്സായെന്ന് പറഞ്ഞത്‌ എന്റെ ഫിലിപ്പിനോ സുഹൃത്താണു. ഒരു സര്‍ക്കസ്സുകാരനെപ്പോലെ നഗരത്തിരക്കിലൂടെ അവന്‍ സൈക്കിളില്‍ സഞ്ചരിക്കാറുണ്ട്‌. ഈ പഴയ ദേശത്തിലൂടെ തുളച്ചു കയറിയ ഷൈഖ്‌ സായിദ്‌ രോഡിലെ മാനം മുട്ടുന്ന കെട്ടിടങ്ങളെ നോക്കി ചില നേരങ്ങളില്‍ നിര്‍വ്വികാരനായി അവന്‍ നില്‍ക്കും...

അവന്റെ പേരു ജോകോ.

ജോകോ പണ്ട്‌ ഈ നാടിനെ പ്രണയിച്ചിരുന്നു. സത്‌വയിലെ എലികളെയും. അവന്റെ സ്വപ്നങ്ങളെ കടലെടുക്കുന്നത്‌ വരെ. എന്നാല്‍ ഇപ്പോള്‍ സത്‌വയുടെ വാര്‍ദ്ധക്യ ജ്വരങ്ങളില്‍ മനം മടുക്കുമ്പോള്‍ അവന്‍ പറയാറുണ്ട്‌,

"ഞാന്‍ മെക്സിക്കോയിലേക്ക്‌ പോകും!"

സത്‌വയിലെ ഫിലിപ്പിനോകള്‍ സന്തുഷ്ടരാണു. കൂട്ടം ചേര്‍ന്ന് തിന്നും കുടിച്ചും രമിച്ചും ജീവിക്കുന്നവര്‍. അസംതൃപ്ത മുഖഭാവത്തോടെ എപ്പോഴും കാണപ്പെടുന്ന തമിഴരും മലയാളികളും കോപാകുലരായ ബലൂചികളും ഈ ഫിലിപ്പിനോകളുടെ ജീവിതത്തില്‍ അസൂയാലുക്കളായേക്കാമെന്ന് ഞാന്‍ കരുതി.

ജോകോയെ ഞാന്‍ കണ്ടു മുട്ടിയത്‌ ആഴ്ച്ചകള്‍ക്കു മുന്‍പാണു. സത്‌വയും എലികളും ബര്‍ഗറുമെല്ലാം എന്റെ ജീവിതത്തിലേക്കു വന്ന് മാസങ്ങള്‍ കഴിഞ്ഞ ശേഷം. ഒരു ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വെച്ച്‌. പൊരുതിക്കളിച്ച്‌ അവനെന്നെ അന്ന് അത്ഭുതപ്പെടുത്തി. അങ്ങനെ അവനെന്റെ കൂട്ടുകാരനായി.

സത്‌വയിലെ രാത്രി ജീവിതം ഒരു മായാജാല പ്രകടനമാണു. കവര്‍ച്ചക്കാരും തൊഴിലാളികളും ചാരായം വാറ്റുകാരനും അഭിസാരികകളും മനോരോഗികളും തൊഴിലാളികളുമെല്ലാം തങ്ങളുടെ അപാരമായ മാന്ത്രിക സിദ്ധി കൊണ്ട്‌ രാത്രിയെ പ്രത്യാശാഭരിതമാക്കുന്നു. ലഹരിയും രതിയും കൊണ്ട്‌ സ്വയം സൃഷ്ടിച്ച പ്രകാശഗോപുരങ്ങളില്‍ അവര്‍ അഭിരമിക്കുന്നു. ഒരു പകല്‍ നീണ്ട ദുരിതങ്ങള്‍ രാത്രിനേരം കൊണ്ട്‌ മായ്ച്ചു കളയുന്നു. സമീപത്തെ ഷൈഖ്‌ സായിദ്‌ റോഡിലെ അംബരചുംബികളായ ചില്ലു ഹര്‍മ്യങ്ങള്‍ അന്നേരം നിറം മങ്ങിയതായി കാണപ്പെടും...

നമുക്ക്‌ ജോകോയിലേക്ക്‌ മടങ്ങി വരാം.

എനിക്കും അവനും തമ്മില്‍ സംസാരിക്കാന്‍ അധികമൊന്നും ഉണ്ടായിരുന്നില്ല. ഒരു ഫിലിപ്പിനോ എങ്ങനെ മെക്സിക്കോയെ സ്നേഹിക്കുന്നു എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. അവന്റെ നാടിനെക്കുറിച്ചും അവനെക്കുറിച്ചും അറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എങ്കിലും ഏറെയൊന്നും അവന്‍ പറഞ്ഞില്ല. എനിക്ക്‌ താല്‍പര്യമുള്ള ഒന്നും അവന്‍ പറയാതിരുന്ന വേളകളില്‍ കഠിനമായി എനിക്ക്‌ ദേഷ്യം വന്നിരുന്നു.

'നിനക്കെന്താണു പ്രശ്നം?' മാനം നോക്കി രോഡുവക്കില്‍ അവനിരിക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ ചോദിച്ചു. വൈകുന്നേരം. മഴക്കാറുകള്‍ പെയ്യാതെ നില്‍ക്കുന്നുണ്ടായിരുന്നു. തണുപ്പു കാരണം കീശയില്‍ ഞാന്‍ കൈകള്‍ തിരുകി. അവന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ നിന്നു.

'നിങ്ങള്‍ക്കൊന്നുമറിയില്ല ഞങ്ങളെക്കുറിച്ച്‌! നിങ്ങള്‍ സ്വാര്‍ത്ഥരാണു,' അവന്‍ ശബ്ദമുയര്‍ത്തി. "ഒരു ഫിലിപ്പിനോയുടെ ജീവിതം എന്താണെന്നു നിനക്കറിയുമോ?" നിലത്തെ പുല്ലില്‍ നിന്ന് ചാടിയെണീറ്റ്‌ ദീര്‍ഘമായി ശ്വസിച്ച്‌ അവന്‍ കിതപ്പകറ്റി.

പിന്നെ ഞാനും അവനും നിശബ്ദരായി അവിടെ നിന്ന് നടന്നു. നിരത്തില്‍ ഗതാഗതക്കുരുക്കില്‍ പെട്ട്‌ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നു.

"നീയൊന്നും പറഞ്ഞിട്ടില്ലല്ലോ...", നടക്കുന്നതിനിടയില്‍ പതുക്കെ ഞാന്‍ പറഞ്ഞു. അവന്‍ തല താഴ്ത്തി.

സത്‌വയിലെ വില്ലകള്‍ പഴക്കം ചെന്നവയാണു. ഷൈഖ്‌ സായിദ്‌ രോഡിലെ ലക്ഷ്വറി അപ്പാര്‍ട്മെന്റുകള്‍ക്ക്‌ മുന്‍പിലെ കലാപമായി അവ പരന്നു കിടക്കുന്നു. അതിലൊന്നിലാണു ദിവസവും ഞാന്‍ ഉറങ്ങുന്നത്‌. സമീപത്ത്‌ കൊളംബോയിലെ രഗുണയുണ്ട്‌, മോസ്കോയിലെ പ്ലാസ്ചിനയും ഇഗോറുമുണ്ട്‌. പിന്നെ, പേരോര്‍മ്മിക്കാന്‍ പ്രയാസമുള്ള കുറേ ഫിലിപ്പിനോകളും അവരുടെ വളര്‍ത്തു പൂച്ചകളുമുണ്ട്‌.

ജോകോ എന്റെ അയല്‍ക്കാരന്‍ കൂടിയാണെന്നു പറയാന്‍ ഞാന്‍ മറന്നു.

ആഘോഷങ്ങളെ ഫിലിപ്പിനോകള്‍ ഏറ്റെടുക്കുന്നത്‌ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പുതുവത്സരത്തലേന്ന് രാത്രി ഇവരോടൊപ്പം ഞാനും ചേര്‍ന്നു. ജോകോ എന്റെ ആതിഥേയനായിരുന്നു. സന്തുഷ്ടനായ വീട്ടുകാരന്‍. അവന്റെ കൂട്ടുകാര്‍ക്കൊപ്പം ഞാന്‍ ആഹ്ലാദങ്ങളില്‍ അലിഞ്ഞ്‌ വീണു.

അന്ന് രാത്രി ജോകോ എന്നെ ഫിലിപ്പൈന്‍സിലേക്ക്‌ കൊണ്ടു പോയി...

Posted by രിയാസ് അഹമദ് at 10:24:00 AM


5 comments:
രിയാസ് അഹമദ് said...

"സത്‌വയിലെ ഫിലിപ്പിനോകള്‍ സന്തുഷ്ടരാണു. കൂട്ടം ചേര്‍ന്ന് തിന്നും കുടിചും രമിച്ചും ജീവിക്കുന്നവര്‍. അസംതൃപ്ത മുഖഭാവത്തോടെ എപ്പോഴും കാണപ്പെടുന്ന തമിഴരും മലയാളികളും കോപാകുലരായ ബലൂചികളും ഈ ഫിലിപ്പിനോകളുടെ ജീവിതത്തില്‍ അസൂയാലുക്കളായേക്കാമെന്ന് ഞാന്‍ കരുതി."

പരല്‍ മീനിന്റെ വഴികള്‍ (Part 3)

03 January 2007 10:41
ദേവരാഗം said...

എന്തായിരുന്നു ഫിലിപ്പൈന്‍സില്‍ കണ്ടത്? ഇവരുടെ മുഖത്തെ നിറഞ്ഞ ഭാവം പ്രശ്നങളൊന്നുമില്ലായ്മയാണെന്ന് ഞാനും ഏറെക്കാലം ധരിച്ചിട്ടുണ്ട്. അഞ്ചാറു വര്‍ഷമായി വല്ലപ്പോഴും കാണുന്ന ഒരു ഫിലിപ്പിന ബാര്‍ ഗേള്‍ (ആട്ടക്കാരിയല്ല, ബാറില്‍ വിളമ്പാന്‍ നില്‍ക്കുന്നവള്‍)ഉണ്ട്. കഴിഞ്ഞ തവണ അവളെ കണ്ടപ്പോഴും എന്നത്തെയും പോലെ അവള്‍ ചിരിച്ചു സുഖമാണോ എന്ന് അന്വേഷിച്ചു, അവള്‍ക്കും അങ്ങനെ തന്നെ എന്നും പറഞ്ഞു.

“മനിലയില്‍ ഒരു സൂപ്പര്‍ ടൈഫൂണ്‍ വീശുന്നെന്ന് കേട്ടല്ലോ, ആര്‍ക്കും അപകടമൊന്നുമില്ലല്ലോ?” ഒരു കുശലം പോലെ തന്നെ തിരക്കിയതാണു ഞാന്‍.

“ചേച്ചിയുടെ ഭര്‍ത്താവ് അതില്‍ മരിച്ചു, വീടും പോയി. അദ്ദേഹം ഫയര്‍മാന്‍ ആയിരുന്നു.”
“എന്നിട്ട് നീ പോയില്ലേ?”
“ഇല്ല, ചേച്ചിക്ക് ജോലിയൊന്നുമില്ല, എന്റെ കയ്യിലെ കുറച്ചു പണമുണ്ടായിരുന്നത് അവര്‍ക്കയച്ചുകൊടുത്തു.”
അപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചത്, അവള്‍ ഞാന്‍ കണ്ട ആറുവര്‍ഷത്തിലും ഉടുപ്പിനു മുകളില്‍ കോട്ടിനടിയില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണത്തിന്റെ കുരിശുമാല അന്നിട്ടിട്ടില്ലെന്ന്.

പ്രാകുന്നുമില്ല കരയുന്നുമില്ല. കുശലം ചോദിച്ച എന്നോടവള്‍ സുഖമെന്നും പറയുന്നു.

03 January 2007 11:21
രിയാസ് അഹമദ് said...

പറയാം ദേവരാഗം,
എന്റെ കപ്പല്‍ച്ചേതങ്ങള്‍ക്കിടയില്‍
കുറച്ച്‌ നേരം കിട്ടിയാല്‍.

03 January 2007 19:43
ആമി said...

ഈ മൂന്നാം ലക്കം സത് വയിലെ നിശ്ശബ്ദമായ തെരുവുകളിലേയ്ക്കെന്നെ കൂട്ടിക്കൊണ്ടു പോയി.
ജോകോ കാട്ടിത്തന്ന ഫിലിപ്പൈന്‍സ് കാണാന്‍് കാത്തിരിയ്ക്കുന്നു.

മനോഹരമായ ശൈലി. അഭിനന്ദനങ്ങള്‍് !
-ആമി.

04 January 2007 08:20
സഞ്ചാരി said...

വളരെ ആകര്‍ഷണമായ വരികള്‍.മടുപ്പില്ലാതെ വായിക്കാനും ആകംക്ഷയോടെ അടുത്ത് പോസ്റ്റിനുള്ള കാത്തിരിപ്പിനും ഒരു പ്രേരണ നല്‍കുന്നു.
വളരെയധികം എഴുതി തഴക്കമുള്ളതുപോലെ.

04 February 2007 01:42

No comments: